Wednesday, March 25, 2015

തന്റെ സ്വകാര്യ ജീവിതം തുറന്ന് പറഞ്ഞ് മോദി

തന്റെ സ്വകാര്യ ജീവിതം തുറന്ന് പറഞ്ഞ് മോദി


                                                                                                                                                                                                        

Narendra Modi

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി സെയ്ഷല്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രാദേശിക ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി.
സന്ദര്‍ശനത്തിനിടയില്‍ 'ടുഡെ ഇന്‍  സെയ്ഷെല്‍സ്' എന്ന പ്രാദേശിക ദിനപ്പത്രം നടത്തിയ അഭിമുഖത്തിലാണ് മോദി തന്റെ വ്യക്തിപരായ കാര്യങ്ങളും താല്‍പര്യങ്ങളും തുറന്ന് പറഞ്ഞത്.
അഭിമുഖത്തില്‍ തന്റെ ജീവിതവും കുട്ടിക്കാലവും താല്‍പര്യങ്ങളുമെല്ലാം മോദി വെളിപ്പെടുത്തുന്നുണ്ട്. ചോദ്യങ്ങള്‍ക്ക് ശ്രദ്ധയോടെ മറുപടി നല്‍കുന്ന മോദി മിക്ക ചോദ്യങ്ങള്‍ക്കും ദാര്‍ശനികമായ ഉത്തരങ്ങളാണ് നല്‍കുന്നത്. വളരുമ്പോള്‍ ആരാകണമെന്നായിരുന്നു കുട്ടിക്കാലത്തെ സ്വപ്നം എന്ന ചോദ്യത്തിന് സ്വപ്നങ്ങള്‍ പോലും കാണാന്‍ പ്രാപ്തിയില്ലാതിരുന്ന ഒരു ചുറ്റുപാടിലാണ് താന്‍ വളര്‍ന്നതെന്ന് മോദി ഉത്തരം നല്കുന്നു.
കൂടുതല്‍ ആളുകളെ പരിചയപ്പെട്ട് അവരുടെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് തന്റെ ഏറ്റവും വലിയ വിനോദം എന്ന് മോദി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. പാചകം അറിയുമോ എന്ന ചോദ്യത്തിന് തികച്ചും ലളിതമായ ജീവിതമായിരുന്നു തന്റേതെന്നും തനിച്ചുള്ള ജീവിതമായതിനാല്‍ സ്വാഭാവികമായും പാചകം എന്നത് ഒരു ശീലമായിത്തീര്‍ന്നെന്നുമായിരുന്നു മോദി നല്‍കിയ മറുപടി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും താന്‍ ഒരിക്കല്‍ പാചകം ചെയ്തിട്ടുണ്ടെന്ന് മോദി വെളിപ്പെടുത്തി.
സര്‍ദാര്‍ വല്ലഭായ് പട്ടേലും ഭഗത് സിങ്ങും മഹാത്മാ ഗാന്ധിയുമാണ് താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികള്‍ എന്നും, ഇന്ത്യയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഹിമാലയമാണെന്നും മോദി അഭിമുഖത്തില്‍ പറയുന്നു. മറ്റൊരാള്‍ക്ക് ഭാരമായി മാറുക എന്ന അവസ്ഥയെ ആണ് താന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് എന്നും മോദി തുറന്ന് പറഞ്ഞ മോദി ജോലികള്‍ കൃത്യ സമയത്ത് പൂര്‍ണമായും ചെയ്ത് തീര്‍ക്കുക എന്നതാണ് തനിക്ക് ഏറ്റവും കൂടുതല്‍ ആശ്വാസം നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളുമായി കൂടുതല്‍ സഹകരണം ലക്ഷ്യമിട്ടാണ് മോദി ശ്രീലങ്ക, മൌറീഷ്യസ്, സെയ്ഷല്‍സ് എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. 34 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സെയ്ഷല്‍സ് സന്ദര്‍ശിക്കുന്നത്.
അഭിമുഖത്തിന്റെ പൂര്‍ണരൂപം മോദിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

No comments:

Post a Comment