Tuesday, March 17, 2015

മതത്തിന്‍െറയും ദൈവത്തിന്‍േറയും പേരില്‍


Image result for god images
Courtesy: Madhyamam http://www.madhyamam.com/news/345235/150317

ഈശ്വരന്‍ വസിക്കുന്നത് നന്മനിറഞ്ഞ ഹൃത്തടത്തില്‍

Published on Tue, 03/17/2015 - 07:06 ( 5 hours 46 min ago)
മതത്തിന്‍െറയും ദൈവത്തിന്‍േറയും പേരില്‍ വെറുപ്പിന്‍െറ പ്രചാരണം നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ അധികരിച്ചുവരുകയാണ്. ഇതര മതസ്ഥരെ തലയരിഞ്ഞും ജീവനോടെ ദഹിപ്പിച്ചും അവഹേളനങ്ങളുടെ ചിത്രംവരഞ്ഞും പരമാവധി പ്രകോപിപ്പിക്കുകയും പരസ്പരം പോരടിപ്പിക്കുകയും ചെയ്യുന്നതില്‍ എല്ലാ മതവിഭാഗങ്ങളിലേയും ഛിദ്രശക്തികള്‍ വിജയം വരിച്ചിരിക്കുന്നു. ലാഹോറിലെ ചര്‍ച്ചില്‍ നടന്ന സ്ഫോടനവും അസമില്‍ സുബ്രമണ്യസ്വാമിയുടെ പ്രസ്താവനയും ഹരിയാനയിലെ ആരാധനാലയങ്ങള്‍ തകര്‍ക്കലും നാഗാലാന്‍ഡിലെ മുസ്ലിം ചെറുപ്പക്കാരനെ കെട്ടിത്തൂക്കി കൊന്നതും ബംഗാളിലെ വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതുമെല്ലാം ഈ പരമ്പരയുടെ കഴിഞ്ഞ ദിനങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും മതവൈരം മൂലമുണ്ടാകുന്ന അക്രമസംഭവങ്ങള്‍ അധികരിച്ചുവരുകയാണ്. വംശീയ പ്രസ്ഥാനങ്ങള്‍ക്കും പരമത വിദ്വേഷ സംഘടനകള്‍ക്കും വിശ്വാസികള്‍ക്കിടയില്‍ സ്വാധീനം വര്‍ധിക്കുന്നുവെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കുര്‍ബാന കൂടി ദൈവത്തോട് പാപമേറ്റുപറഞ്ഞ് വിശുദ്ധരാകാനായി ചര്‍ച്ചില്‍ ഒത്തുചേര്‍ന്നവരെ ഇല്ലാതാക്കിയാല്‍ സംസ്ഥാപിതമാകുമോ ഇസ്ലാമിന്‍െറ ദൈവനീതി? ചര്‍ച്ചുകളും പള്ളികളും തകര്‍ത്ത് തരിപ്പണമാക്കി രാമനും ഹനുമാനും പ്രതിഷ്ഠിക്കപ്പെട്ടാല്‍ പുലരുമോ രാമരാജ്യം? കുരിശുയുദ്ധ മനോഘടന ഉദ്ദീപിപ്പിച്ച് മുസ്ലിം ഉന്മൂലനം നടത്തിയാല്‍ എത്തിച്ചേരുമോ ഈശോയുടെ വാഗ്ദത്ത ഭൂമി? അല്ലായെന്നറിയാന്‍ മതഗ്രന്ഥങ്ങളുടെ ആഴവും പരപ്പും അന്വേഷിച്ചിറങ്ങേണ്ടതില്ല. കനിവിനായി കൈകൂപ്പി ദൈവത്തോട് അര്‍ഥിക്കാനിരിക്കുമ്പോള്‍ ഹൃദയത്തെ നിര്‍മലമാക്കുകയും ആത്മാവിനെ ശാന്തതയിലേക്ക് വഴിനടത്തുകയും ചെയ്യുന്ന ദൈവചൈതന്യം അനുഭവിച്ചാല്‍ മതിയാകും.
സമകാലിക മതവിശ്വാസികളില്‍ ഒരു വിഭാഗം പരവിദ്വേഷം ഉല്‍പാദിപ്പിച്ച് ദൈവത്തെ ജീവിതത്തില്‍നിന്ന് പുറത്താക്കുകയാണ്. ചമ്മട്ടികൊണ്ടടിക്കണമെന്ന് ബൈബിളും നരകത്തിലെ വിറകാകുമെന്ന് ഖുര്‍ആനും ഹീനനായി അധ$പതിക്കുമെന്ന് വേദങ്ങളും ശപിച്ച പണ്ഡിതഭോഷന്മാരാണ് അവര്‍ക്ക് നേതൃത്വം വഹിക്കുന്നത്. അവര്‍ പിന്‍പറ്റുന്നതും പറയുന്നതും സാത്താന്‍െറ വാക്കുകളും കര്‍മങ്ങളുമാണ്. മതവേഷത്തില്‍ സഞ്ചരിക്കുന്നത് പിശാചിന്‍െറ അനുചരരാണ്. അതിനാലാണ് നിരപരാധികളുടെ നിലവിളികളും കണ്ണീരും അവരെ ഇത്രമേല്‍ ആനന്ദതുന്ദിലരാക്കുന്നത്.
ശരീരത്തെ ആസക്തികളില്‍നിന്നും മനസ്സിനെ ദ്വേഷത്തില്‍നിന്നും മുക്തമാക്കി പരസ്നേഹത്തിന്‍െറ പുത്തനാകാശത്ത് വിരാജിക്കാനും സമഭാവനയുടെ ഉള്‍ക്കാഴ്ച നല്‍കാനുമുള്ളതാണ് മതവും ആത്മീയതയും. വെറുപ്പിന്‍െറയും അക്രമത്തിന്‍െറയും പൊരുളില്ലായ്മയോര്‍ത്ത് ലജ്ജിക്കുകയും ജീവിതംതന്നെ എത്ര നിസ്സാരമെന്നറിഞ്ഞ് സ്നേഹം വിമോചനത്തിന്‍െറ വെളിച്ചമായി അപരനിലേക്ക് പരന്നൊഴുകുകയും ചെയ്യുമ്പോഴാണ് ആത്മീയത ആകാശം തൊടുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് മതം പുലരുന്നതായി പല വിശ്വാസികള്‍ക്കും ബോധ്യമാകുന്നത് ഇതര മതസ്ഥരുടെ കബന്ധങ്ങള്‍ മലപോലെ ഉയരുമ്പോഴാണ്, മറ്റ് ആരാധനാലയങ്ങളുടെ ഗോപുരങ്ങള്‍ മണ്ണില്‍ നിലംപതിക്കുമ്പോഴാണ്.
അതുകൊണ്ട്, എത്രയും വേഗം ദൈവവിശ്വാസികള്‍ അവരുടെ ആത്മീയതയെ കപടവിശ്വാസികളില്‍നിന്ന് വീണ്ടെടുത്തിട്ടില്ളെങ്കില്‍ ‘മതം’ സൃഷ്ടിക്കുന്ന ചങ്ങലകളില്‍ പിടഞ്ഞ് ഭൂമിയില്‍തന്നെ നരകയാതനയനുഭവിക്കാനായിരിക്കും മനുഷ്യന്‍െറ വിധി. ഈശ്വരവെളിച്ചം ഹൃത്തടത്തില്‍ പ്രകാശിപ്പിച്ച് അവര്‍ ഉറക്കെപ്പറയട്ടെ: വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന അമ്പലങ്ങളില്‍നിന്നും പള്ളികളില്‍നിന്നും ചര്‍ച്ചുകളില്‍നിന്നും ദൈവം എന്നോ വിടപറഞ്ഞിരിക്കുന്നുവെന്ന്. എല്ലാ വിശ്വാസികളും ഒത്തുചേര്‍ന്ന് പ്രഖ്യാപിക്കട്ടെ: വെറുപ്പുല്‍പാദിപ്പിക്കുന്നവരുടെ നിയന്ത്രണത്തില്‍വീണ ദൈവ മന്ദിരങ്ങളിലല്ല, സമഭാവനയും സ്നേഹവും വാഴുന്ന നന്മനിറഞ്ഞ ഹൃദയങ്ങളിലാണ് ഈശ്വരന്‍ വസിക്കുകയെന്ന്.

No comments:

Post a Comment