Wednesday, March 11, 2015

കന്യാസ്ത്രി മഠങ്ങള്‍: നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെടുന്നു?



കന്യാസ്ത്രി മഠങ്ങള്‍ മനുഷ്യോര്‍ജം ചൂഷണം ചെയ്യുന്ന വാണിഭകേന്ദ്രങ്ങളോ?
.-രജി ഞള്ളാനീ 
   
മക്കളെ മഠങ്ങളിലേയ്‌ക്കൊ സെമിനാരികളിലേയ്‌ക്കൊ അയക്കുന്നതിനു മുന്‍പ് മാതാപിതാക്കള്‍ ഇനി 40 വട്ടം ചിന്തിക്കണം. വൈദികന്റെ പീഡന ശ്രമം ചെറുത്ത കന്യാസ്ര്തീയെ ആലുവ തോട്ടേയ്ക്കാട്ടുകരയിലെ സിസ്റ്റേ്‌ഴസ് ഓഫ് സെന്റ് ആഗത്താ കോണ്‍വെന്റില്‍ നിന്നും പുറത്താക്കിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ലൈംഗിക ചൂഷണത്തിന് വഴിപ്പെടാത്ത കന്യാസ്ത്രീകളുടെ വഴി പുറത്തേയ്ക്കാണ് എന്ന ശക്തമായ സൂചനയും സന്ദേശവും മുന്നറിയിപ്പുമാണ് സഭാനേതൃത്വം ഇതിലൂടെ കന്യാസ്ത്രീകള്‍ക്കും സമൂഹത്തിനും നല്‍കുന്നത്.
ആലുവ സംഭവത്തില്‍ മെത്രാന്‍ സമിതിയുടെ തീരുമാനം ഫാ.പോള്‍ തേലക്കാട്ട് പ്രസ്താവിച്ചപ്പോള്‍ സഭയിലെ കന്യാസ്ത്രീകളുടെ മാത്രമല്ല സമൂഹത്തിലെ മുഴുവന്‍ 
സ്ത്രീകളുടെയും ചാരിത്ര്യത്തിന് വിലപറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ ക്ഷേമത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നവകാശപ്പെടുന്ന പൊതുപ്രവര്‍ത്തകരേയും ആത്മായ സംഘടനകളേയും ഇക്കാര്യത്തില്‍ കണ്ടില്ല എന്നത് ദുഖകരമാണ്. കെ. സി. ആര്‍. എം നു പുറമേ കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി. കെ. ജോയി, ആന്റോ കോക്കാട്ട് തുടങ്ങിയവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഇടപെട്ട പിന്‍തുണ നല്‍കിയത്. പത്രമാധ്യമങ്ങള്‍ വളരെയധികം സഹായിച്ചു.
ലക്ഷക്കണക്കിനാളുകള്‍ ധ്യാനത്തിനായി എത്തിച്ചേര്‍ന്ന പോട്ട ആശ്രമത്തില്‍ നടന്ന കൊലപാതകശ്രമം, സാമ്പത്തിക ക്രമക്കേട്, മയക്കുമരുന്ന് ഉപയോഗം, തുടങ്ങിയ അതി ക്രൂരമായ കുറ്റക്രൃതൃങ്ങള്‍ പോലീസ് കണ്ടെത്തി പുറത്തു കൊണ്ടുവന്നപ്പോള്‍ വിശ്വാസ സമൂഹം തരിച്ചു നിന്നുപോയി. പോട്ട നിശ്ബ്ദമായപ്പോള്‍ ഉടന്‍തന്നെ സഭ ധ്യാന ഗുരു ഫാ. വട്ടായിയെ കളത്തിലിറക്കി കോടികള്‍ സമ്പാതിക്കുവാന്‍ തുടങ്ങി. ആലുവ മഠത്തില്‍നിന്നും പുറത്താക്കിയ കന്യാസ്ത്രീ ചെയ്ത കുറ്റം ഒരു ധ്യാന ഗുരുവിന്റെ ലൈംഗീക ചൂഷണത്തെ എതിര്‍ത്തു തോല്‍പ്പിച്ചതാണ്. പല കോണ്‍വെന്റുകളിലേയും ഉത്തരവാദിത്വപ്പെട്ടവര്‍ ഇത്തരം ലൈംഗീകചുഷണങ്ങള്‍ക്ക് പൂര്‍ണ്ണ പിന്‍തുണ നല്‍കുന്നതായി പുറത്തുവന്നിട്ടുള്ള പല കന്യാ
സ്ത്രീകളും വെളിപ്പെടുത്തുന്നു. ഇത് അതീവ ഗൗരവത്തോടെ കാണണം. ഇടുക്കി-കട്ടപ്പനക്കടുത്തുള്ള ഒരു മഠത്തിലെ കന്യാസ്ത്രീ അടുത്തയിടെ ഒരു കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. ആ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാതെ സുഖജീവിതത്തിലാണ് കുട്ടിയുടെ പിതാവ് . ഇവിടെയും സ്ത്രീത്വവും മാതൃത്വവും ചവിട്ടിമെതിക്കപ്പെടുകയാണ്. സ്ത്രീകളെ ഉപഭോഗവസ്തുവായി കണ്ടിരുന്ന പഴയ സംസ്‌കാരത്തില്‍ നിന്നും സഭാനേതൃത്വം അല്‍പം പോലും മാറുവാന്‍ തയ്യാറായിട്ടില്ല. ഇതിനുമാറ്റമുണ്ടാവണം സ്ത്രീകള്‍ ചവിട്ടിമെതിക്കപ്പെടേണ്ടവരല്ല എന്നു തിരിച്ചറിയണം.
ഇവിടെ രണ്ടു ചോദ്യങ്ങള്‍ പ്രസക്തമാണ്.ഈ പുതിയ യുഗത്തില്‍ കന്യാസ്ത്രീമഠങ്ങള്‍ ആവശ്യമുണ്ടോ?. അഭയമാരെയും സ്‌റ്റെഫിമാരെയും പോലെ ആയിരക്കണക്കിന് ജീവിതങ്ങള്‍ അനാഥമാകുന്നു .ഉപഭോഗവസ്തുവായി ചവിട്ടിമെതിക്കുന്നു. ഇവരുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടേയും കണ്ണീര്‍ ചുടുനിണമായി ഒഴുകുന്നു. ഭൂമി പാപ പങ്കിലമാകുന്നു.
ലോകത്ത് അറിയപ്പെടുന്ന അയ്യായിരത്തിലധികം ക്രിസ്തീയ സഭകളുണ്ട്. കത്തോലിക്കാസഭയിലെ പുരോഹിതര്‍ മാത്രമാണ് ഇത്രയധികം ലൈംഗീക അപവാദത്തിന് പേരുകേള്‍ക്കുന്നത്. ഒന്‍പത് വയസ്സുള്ള കുഞ്ഞിനെ ദുരുപയോഗം ചെയ്ത ഫാ.രാജൂ കൊക്കനും,ഫാ.പുതൃക്കയും,ഫാ.ഓണംകുളവും പോലെ നിരവധിപേര്‍ക്കെതിരേ സമൂഹവും നിയമവും കുറ്റവിചാരണനടത്തുന്നു.എറണാകുളം ബിഷപ്പായിരുന്ന തട്ടുങ്കല്‍ പിതാവ് അപമാനിതനായി. അള്‍ത്താരബാലന്മാരെ ലൈംഗീകമായി ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്ത് ഒരു പള്ളി അടച്ചിടേണ്ടിവന്നു.ഫാ ആന്റണിയെ കൊലചെയ്തത് സഹപുരോഹിതരാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.ബാഗ്‌ളൂര്‍ സെമിനാരി റെക്ടറായിരുന്ന ഫാ. ജോസഫിനെ കൊല ചെയ്ത സഹ പുരോഹിതരെ പോലീസ് അറസ്റ്റ് ചെയ്ത്ജയിലില്‍ അടച്ചു. വിശ്വാസസമൂഹങ്ങളിലുള്ള സ്ത്രീകളേയും കുഞ്ഞുങ്ങളേയും ദുരുപയോഗം ചെയ്തതിന്റെ പേരില്‍ സ്വന്തം പള്ളികളില്‍നിന്നും സ്ഥലം മാറ്റപ്പെട്ടവര്‍ നിരവധിയാണ്.സ്വന്തം പള്ളിയില്‍ തൂങ്ങിമരിച്ച പുരോഹിതനും കേരളത്തില്‍തന്നെ. ധാരാളം പേര്‍ സന്യാസത്തില്‍ നിന്നും പുറത്തുവരുന്നു. കുറ്റാരോപിതരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണംദിനം പ്രതി വര്‍ധിക്കുന്നു.വാര്‍ത്തകളില്‍ വന്നതും വരാത്തതുമായ സംഭവങ്ങളുടെ പരമ്പരതന്നെ ഉണ്ടായിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഇവര്‍ മാത്രമാണോ കുറ്റക്കാര്‍ ? ഇവരും മനുഷ്യരല്ലേ? ദൈവം നല്‍കിയിട്ടുള്ള വിചാരവികാരങ്ങള്‍ ഇവരില്‍മാത്രം ഇല്ലാതാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?ഈ പുരോഹിതരേയും കന്യാസ്ത്രീകളേയും കുറ്റവിചാരണ ചെയ്യുന്നതില്‍ വളരെയധികം പേര്‍ തല്പരരാണ് പക്ഷേ ഇവരുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സിലാക്കാതെ അവരെ കുറ്റവിചാരണ ചെയ്യുവാന്‍ സമൂഹത്തിന് അവകാശമില്ലന്ന് ഓര്‍ക്കണം. അടിസ്ഥാനപരമായ കാര്യങ്ങളില്‍ പ്രധാനം മറ്റ് ക്രിസ്തീയ സഭകളിലേ പോലെ കത്തോലിക്കാ പുരോഹിതര്‍ വിവാഹിതര്‍ അല്ലാ എന്നതാണ്. സീറോ മലബാര്‍ സഭക്ക് റോമിന്റെ സ്വതന്ത്ര പദവി ലഭിച്ചിട്ടുള്ളതിനാല്‍ ഇത്തരം സഭകള്‍ക്ക് അവരുടെ പഴയ പൈതൃകത്തിലേയ്ക്ക് ആവശ്യമള്ള കാര്യങ്ങളില്‍ തിരിയെവരാവുന്നതാണ്.
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം വരെ കത്തോലിക്കാ പുരോഹിതര്‍ വിവാഹിതരായിരുന്നു. ഇതിലെയ്ക്കു തിരിച്ചുവരുവാന്‍ കേരളത്തിലെ മെത്രാന്‍സിനഡു കൂടിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കാം 
. മറ്റൊരുകാര്യം ആത്മീയസേവനങ്ങളില്‍ അധിഷ്ടിതമായിരുന്ന സഭയുടെ നയം മാറിയിരിക്കുന്നു. വിശ്വാസികളില്‍നിന്നും കോടികള്‍ പിരിച്ചെടുത്ത് കോഴയും ,നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും ലാഭം ലക്ഷ്യമാക്കിയുള്ള ഭൗതികപ്രവര്‍ത്തനത്തിലേക്ക് സഭ മാറിയപ്പോള്‍ ആത്മീയചൈതന്യമുള്ള പുരോഹിതരുടെ എണ്ണം സഭയില്‍ വളരെയധികം കുറഞ്ഞുവരുകയും ചെയ്തു. പത്രങ്ങളിലും ടെലിവിഷനുകളിലും സപ്‌ളിമെന്റ പരസ്യങ്ങളും രാഷ്ട്രീയക്കാര്‍ ചെയ്യുംപോലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരത്തിയിട്ടുമാണ് നമ്മളിന്ന് ഒരാളുടെ പുത്തന്‍കുര്‍ബാന ആഘോഷിക്കുന്നത്.

ഇവിടെ പുരോഹിതരെയും കന്യാസ്ത്രീകളെയും സമൂഹം കുറ്റവിചാരണ ചെയ്യുകയല്ല വേണ്ടത്. സഭയിലെ പുരോഹിതര്‍ക്ക് വിവാഹജീവിതം പുനസ്ഥാപിക്കുകയും സഭയുടെ പഴയചൈതന്യത്തിലേയ്ക്ക് തിരിച്ചുവരുവാനുള്ള സാഹചര്യം ഒരുക്കുകയുമാണ് ചെയ്യേണ്ടത്. സഭാസമൂഹത്തിലെ എല്ലാവരുടെയും കൂട്ടായ പിന്‍തുണയും സഹകരണവും ഇക്കാര്യത്തില്‍ സഭാനേതൃത്വത്തിന് നല്കുകയും സഭാനേതൃത്വം യാഥാര്‍ത്ഥ്യബോധത്തോടെ ഒരു തിരിച്ചുവരവിന് തയ്യാറാവുകയും വേണം. അല്ലാത്തപക്ഷം ഭൂരിപക്ഷം വിദേശക്രിസ്ത്യന്‍ രാജ്യങ്ങളിലും സഭ ഇല്ലാതായതുപോലെ, അവിടുത്തെപ്പോലെ ഇവിടുത്തെ പള്ളിക്കെട്ടിടങ്ങളും മഠങ്ങളുടെ കെട്ടിടങ്ങളും വില്‍ക്കാനുണ്ട് എന്ന ബോര്‍ഡുകള്‍ സമീപഭാവിയില്‍ തൂക്കേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. ഈ നിലയില്‍മഠങ്ങളിലേയ്ക്കോ സെമിനാരികളിലേയ്ക്കോ കുട്ടികളെ അയക്കുന്നതിനു മുന്‍പ് മാതാപിതാക്കള്‍ ഇനി 40 വട്ടം ചിന്തിക്കുമെന്നതില്‍ സംശയമില്ല. ഇത് സഭയുടെനിലനില്‍പ്പുതന്നെ അപകടത്തിലാക്കുമെന്നതില്‍ സംശയമില്ല. യേശുനാഥന്റെ ചിന്തകള്‍ സ്വന്തം ജീവിതമാക്കി ജീവിതസമര്‍പ്പണം നടത്തിയ കോടിക്കണക്കിന് വിശ്വാസികളും മിഷനറിമാരും പടുത്തുയര്‍ത്തിയ നമ്മുടെ ദൈവികസഭ നശിച്ചുപോകാതെ ആവശ്യമായ തിരുത്തലുകള്‍ നടത്തി ലോകത്തിനു മാതൃകയായി മുന്നേറുവാന്‍ സഭാനേതൃത്വവും വിശ്വാസസമൂഹവും കൈകോര്‍ക്കാം. ഇനി ഞങ്ങള്‍ മഠത്തിലേക്കില്ല സെമിനാരികളിലേയ്ക്കില്ല എന്ന് പുതു തലമുറ പറയുന്ന സാഹചര്യം ഉണ്ടാവരുത്. ഇതിനായി ദൈവം നമ്മെ ശക്തരാക്കട്ടെ, അനുഗ്രഹിക്കട്ടെ .

No comments:

Post a Comment