Friday, April 4, 2014

ആം ആദ്മി പാര്‍ട്ടി: നാല് മണ്ഡലങ്ങളില്‍ മുന്നണികള്‍ക്ക് ഭീഷണി

 

ആം ആദ്മി പാര്‍ട്ടി:

നാല് മണ്ഡലങ്ങളില്‍ മുന്നണികള്‍ക്ക് ഭീഷണി

  • April 4, 2014 | By Staff Reporter

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ആംആദ്മി പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ മുന്നണികളുടെ വിജയ പ്രതീക്ഷകളെ തകിടം മറിക്കും. സമൂഹത്തിന് പൊതുവെ സ്വീകാര്യരായ വ്യക്തികളെ തിരഞ്ഞ് പിടിച്ച് ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളാക്കിയ ആം ആദ്മി പാര്‍ട്ടിയും ലക്ഷ്യമിടുന്നത് പരമാവധി വോട്ടുകളാണ്.ജയിക്കാന്‍ പറ്റിയില്ലെങ്കിലും മുന്നണികളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ശക്തമായ സാന്നിധ്യമാവുകയാണ് ലക്ഷ്യം.  സ്ത്രീകളേയും യുവാക്കളേയും ല്കഷ്യമിട്ട് ‘ചൂല്‍’ തരംഗം സൃഷ്ടിക്കാനാണ് നീക്കം. വിഷമഴ പെയ്തിറങ്ങുന്ന കാസര്‍ഗോട്ടെ എന്‍ഡോ സള്‍ഫാന്‍ ദുരന്ത ഭൂമിയിലെ ശക്തമായ സാന്നിദ്ധ്യമായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിംഗ് എം.പി. കരുണാകരന്  വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.  ഈ മേഖലകളില്‍ നിന്ന് പരമാവധി വോട്ടുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇടത്പക്ഷത്തിന് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുഞ്ഞികൃഷ്ണന്റെ സാന്നിധ്യം  ഉറക്കം കെടുത്തുന്നതാണ്.  ഇടത് പക്ഷത്തിന് കേരളത്തില്‍ ഏറ്റവും ശക്തിയുള്ള മണ്ഡലമായ കാസര്‍ഗോഡ് പിടിച്ചെടുക്കാന്‍ യുവനേതാവ് ടി.സിദ്ധിഖിനെ രംഗത്തിറക്കിയ കോണ്‍ഗ്രസ്സിന്റെ നടപടിയും, മോഡിപ്രഭയില്‍ മുന്നേറ്റം ലക്ഷ്യമിട്ട ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പ്രചാരണവുമെല്ലാം ഈ മണ്ഡലത്തെ ഇപ്പോള്‍ പ്രവചനാതീതമാക്കിയിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നേടുന്ന വോട്ടുകളില്‍ നല്ലൊരു പങ്ക് ഇടതുപക്ഷത്തിന്റേതാവുമെന്നതിനാല്‍ സിദ്ധിഖിന് വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ക്യാംപ്.  പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ തന്നെ രംഗത്തിറക്കിയതും, എം.പി. വിഭാഗം സുന്നികളുടെ വോട്ട് ഉറപ്പ് വരുത്തിയതുമെല്ലാം നേട്ടമാകുമെന്ന കണക്ക് കൂട്ടലിലാണവര്‍. ഈ മാസം 8 ന് നരേന്ദ്ര മോഡിയെ തന്നെ കളത്തിലിറക്കുന്ന ബി.ജെ.പി. പരമാവധി വോട്ട് മാത്രമല്ല വിജയം തന്നെയാണ് തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നത്.  സുരേന്ദ്രന്‍ വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാവുമെന്ന പ്രചരണവും ഇവിടെ ശക്തമാണ്.
സാംസ്‌കാരിക നഗരമായ തൃശൂരിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സാറാ ജോസഫിന് സാംസ്‌കാരിക മേഖലയിലെ സ്വീകാര്യത വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ.  സിറ്റിംഗ് എം.പി.പി.സി.ചാക്കോ തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് കൂട്ട് മാറിയതിന് പിന്നില്‍ ഗ്രൂപ്പ് തര്‍ക്കമാണ് പ്രധാന കാരണമായതെങ്കിലും സാറാ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വവും മണ്ഡലമാറ്റത്തിന് ഒരു കാരണമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.  ഇടത്പക്ഷത്തിനും വലതുപക്ഷത്തിനും പൊതുവെ സ്വീകാര്യമായ സാറാ ജോസഫ് ഏത് വിഭാഗം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയാലും ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന തൃശൂരില്‍ അത് വിധി നിര്‍ണ്ണയത്തില്‍ പ്രധാന ഘടകമാവും. സി.പി.ഐ. നേതാവ് സി.എന്‍.ജയദേവനാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി.
ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയ നേട്ടം വോട്ടാക്കാന്‍ ശ്രമിക്കുന്ന എറണാകുളത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സിറ്റിംഗ് എം.പി കെ.വി. തോമസ് അനായാസ വിജയമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിതമായ മുന്നേറ്റം മണ്ഡലത്തെ പ്രവചനാതീതമാക്കിയിട്ടുണ്ട്.  ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അനിത പ്രതാപ് ഇവിടെ പിടിക്കുന്ന വോട്ടുകള്‍ ഏറെ നിര്‍ണ്ണായകമാണ്.  യുവജന വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ ഉള്ള എറണാകുളത്ത് സോഷ്യല്‍ മീഡിയ വഴി ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം വളരെ ശക്തമാണ്.
കാക്കിയുടുപ്പിന്റെ കാര്‍ക്കശ്യത്തില്‍ നിന്ന് ജനസേവനത്തിന്റെ പാതയിലേക്ക് വഴിമാറിയ തിരുവനന്തപുരത്തെ ആം ആദ്മി പാര്‍ട്ടിസ്ഥാനാര്‍ത്ഥി അജിത് ജോയിയെ തുടക്കത്തില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ അവഗണിച്ചിരുന്നുവെങ്കിലും പ്രചാരണ ചൂട് കൂടിയതോടെ ആം ആദ്മി പിടിക്കുന്ന വോട്ടുകളുടെ കണക്കെടുപ്പാണ് ഇവിടെ രാഷ്ട്രീയ എതിരാളികള്‍ ഇപ്പോള്‍ നടത്തുന്നത്.  യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ശശിതരൂം, ഇടതുസ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാമും, ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലും വിജയം മാത്രം ലക്ഷ്യമട്ട് കുതിക്കുമ്പോള്‍ ത്രികോണ മത്സരത്തെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ആം ആദ്മി സ്ഥാനാര്‍ത്ഥിയുടെ രംഗ പ്രവേശം.
സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളില്‍ നിന്ന്  വ്യത്യസ്തമായി കാസര്‍ഗോഡ്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍  ആം ആദ്മി പാര്‍ട്ടിക്കു കഴിഞ്ഞു എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
Courtesy: Express Kerala.com


1 comment:

  1. ജയിക്കാനല്ല; തോല്പിക്കാന്‍:
    ഇവിടെ ആരാണ് ജയിക്കുന്നത് സ്ഥാനാര്‍ഥിക്ളോ,
    പ്രവര്ത്തകരോ അറിയാത്ത നിക്ഷിപ്തതാല്പര്യം
    ഇല്ലേ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു.

    ReplyDelete