Thursday, August 30, 2012

ഉള്ളിലെ ദേവാലയം -Jose Antony

jos antony's profile photo
jos antony
ഉള്ളിലെ ദേവാലയം    -Jose Antony
ഒരു പൊതു ചര്‍ച്ചയുടെ ആവശ്യത്തിനായി തോമായുടെ സുവിശേഷം എന്ന പുസ്തകം പലവുരു വായിച്ചപ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് യേശു ഉപയോഗിച്ചിരിക്കുന്ന മൂന്നു പ്രതീകങ്ങളാണ്: ഉള്ളിലെ വെളിച്ചം, വിത്ത്, പൈതല്‍. ഇവയിലോരോന്നും തുടക്കത്തില്‍ നിന്ന് വികസിക്കേണ്ടവയാണ്. നാം തന്നെ എങ്ങനെ ദൈവാരാധനയുടെ ആലയം ആയിത്തീരണം എന്നാണു ഇതിലൂടെയെല്ലാം യേശു പറഞ്ഞുതരുന്നത്‌. അസാധാരണമായി ജീവിക്കുന്നതല്ല, മറിച്ച്‌, സാധാരണ ജീവിതത്തില്‍ അസാധാരണമായ ഉള്‍ക്കാഴ്ചകള്‍ അല്ലെങ്കില്‍ അവബോധം ഉണ്ടാകുന്നതാണ് ആത്മീയത. ഇവയുണ്ടാകാന്‍ ലളിതമായ കാര്യങ്ങള്‍ മതി താനും. വ്യാഖ്യാനിച്ചു സങ്കീര്‍ണ്ണങ്ങളാക്കാതിരുന്നാല്‍ യേശു പറഞ്ഞതെല്ലാം ഏറ്റവും ലളിതമായ കാര്യങ്ങള്‍ തന്നെയായിരുന്നു. " കുര്‍ബാനയെന്ന ബലി" തന്നെ തെറ്റായ വ്യാഖ്യാനത്തിന് ഒരു നല്ല ഉദാഹരണമാണ്. പകലിലെ ചുറ്റിക്കറങ്ങലും പണികളുമൊക്കെ കഴിഞ്ഞുള്ള സന്ധ്യാവേളയിലാണ് യേശുവും കൂട്ടുകാരും അന്ത്യത്താഴത്തിനു കൂടിയത്. ഇതിന്റെ ഓര്മ്മയായ പള്ളികളിലെ കുര്‍ബാന രാവിലെയാണ്. ഭക്ഷണം വിളമ്പുമ്പോള്‍, ഇതെന്റെ ശരീരവും രക്തവും എന്നുള്ള ചൊല്ല്. അതിന്റെ പൊരുള്‍ വാസ്തവത്തില്‍, ഇത് ഞാനാണെന്ന് കരുതുക എന്നാണ്. എന്നെ ഭക്ഷിക്കുക എന്നതിനര്‍ത്ഥം ഞാന്‍ പറഞ്ഞു തരുന്നത് ഉള്‍ക്കൊള്ളുക, എന്റെ അവബോധത്തില്‍ നിങ്ങളും പങ്കാളികളാകൂ എന്നാണ്. ഇന്ന് പള്ളിയില്‍ പറഞ്ഞു കൊടുക്കുന്ന അര്‍ത്ഥമാകട്ടെ ജീവിതത്തില്‍ ഒന്നും നേടിത്തരുന്നില്ല. ഒരവബോധത്തിലേയ്ക്കും നയിക്കുന്നുമില്ല. പകരം, ബുദ്ധിയുറക്കാത്ത കുഞ്ഞുങ്ങള്‍ക്ക്‌ വെറുതേ മുതിര്‍ന്നവരില്‍ അവിശ്വാസം ജനിക്കാന്‍ വഴിയാകുകയെയുള്ളൂ. എന്റെ മകന്‍ പറഞ്ഞു കേട്ടിട്ടുണ്ട്, ആദ്യകുര്‍ബാനയുടെ ദിവസം അവന്റെ കൂട്ടുകാരില്‍ ചിലര്‍ ഓസ്തി ആരും കാണാതെ പോക്കറ്റിലിട്ടു. പുറത്തു കടക്കുമ്പോള്‍, അതില്‍ എന്താണുള്ളത് എന്ന് ശരിക്കും പരിശോധിക്കാന്‍! 
സലൊമോനെയും ലില്ലിപ്പൂക്കളെയും തമ്മില്‍ താരതമ്യപ്പെടുത്തിയ ഹൃദയഹാരിയായ വാക്കുകളില്‍ നിന്ന് വസ്ത്രത്തെക്കള്‍ എത്രയോ പ്രധാനവും സുന്ദരവുമാണ് ശരീരം എന്ന സത്യം ആരെങ്കിലും ഗ്രഹിക്കുന്നുണ്ടോ? ഈ ഓണക്കാലത്ത് പ്രത്യേകിച്ച്, പുതുപ്പുടവകള്‍ക്കും ആഭരണങ്ങള്‍ക്കുമായി എന്തൊരു നെട്ടോട്ടമാണ്? ഖനീഭവിച്ച ഊര്‍ജ്ജം ദ്രവ്യമാകുന്നതുപോലെ, ഖനീഭവിച്ച ആശയങ്ങള്‍ മാത്രമാണ് മതങ്ങള്‍ മനുഷ്യന് നല്‍കുന്നത്. തോമസിന്റെ സുവിശേഷത്തില്‍ ആവശ്യപ്പെടുന്ന നിരന്തര ചലനം വിശ്വാസത്തിന്റെ തീരങ്ങളില്‍ ഉണ്ടാകുന്നില്ല. ആത്മീയ ചിന്തകളെല്ലാം മരവിച്ചുപോയിരിക്കുന്നു.
അതുതന്നെ സഭക്ക് അനിവാര്യ കാരണമാണ്, സ്വയം ഭൌതികകാര്യങ്ങളില്‍ നിന്ന് വിരമിക്കാന്‍. പാവങ്ങള്‍ക്കാവശ്യമായ സ്കൂളുകളും ആശുപത്രികളുമൊക്കെ തുടങ്ങിക്കൊടുക്കുക ഒരു കാലത്ത് ആവശ്യമായിരുന്നു. എന്നാല്‍ ദരിദ്രര്‍ക്ക് ഇന്ന് അപ്രാപ്യമായ നിലയിലെത്തിയിരിക്കുന്ന പ്രസ്ഥാനങ്ങളെ മറ്റു നടത്തിപ്പുകാര്‍ക്ക് വിട്ടുകൊടുത്തിട്ട്‌ കൈമോശം വന്ന ജീവിതാര്‍ത്ഥങ്ങളെ തിരഞ്ഞു പോകാന്‍ സഭ തയ്യാറാവണം. ശ്രീരാമകൃഷ്ണപരമഹന്‍ പറയാറുണ്ടായിരുന്ന കഥയാണ്‌. വനവാസത്തിനിടയില്‍ ഒരിക്കല്‍ രാമന്‍ തന്റെ വില്ല് ഒരു മരപ്പൊത്തില്‍ വച്ചു. പിന്നീടത്‌ തിരിചെടുത്തപ്പോള്‍ അതില്‍ ഒരു തവള കുരുങ്ങിക്കിടക്കുന്നു. രാമന്‍ വേദനിച്ചു ചോദിച്ചു: നിനക്കൊന്നു വിളിച്ചു കരയാന്‍ മേലായിരുന്നോ? തവള പറഞ്ഞു: എന്റെ അമ്മ പഠിപ്പിച്ചിരുന്നു, എതാപത്തിലും രാമനെ വിളിച്ചു കരയാന്‍. എന്നാല്‍, ആ രാമന്‍ തന്നെ എന്റെ വായില്‍ വില്ല് കുത്തി നിറുത്തിയാല്‍, ഞാനെങ്ങനെ, ആരെ വിളിച്ചു കരയും?
കല്ലും സിമെന്റും കൊണ്ടുള്ള ദേവാലയങ്ങള്‍ പണിതുകൂട്ടുകയും അങ്ങനെ വിശ്വാസികളെ ദൈവത്തിലേയ്ക്ക് നയിക്കുന്നുവെന്ന് അഭിമാനിക്കുകയും ചെയ്യുന്നവരെപ്പറ്റി അടുത്ത കാലങ്ങളില്‍ വളരെയധികം കോലാഹലങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെയെല്ലാം ആത്മീയതയെപ്പറ്റിയുള്ള തെറ്റായ ധാരണകളാണ് സ്വരച്ചേര്‍ച്ചയെ ശിഥിലമാക്കുന്നത്. ഉള്ളിലെ വെളിച്ചത്തോടുള്ള ആഭിമുഖ്യമല്ലേ ആത്മീയത? യേശുവിന്റെ മനസ്സിലുണ്ടായിരുന്ന ദേവാലയസങ്കല്‍പം ഇക്കാര്യത്തില്‍ ഒരു സംശയത്തിനും ഇടനല്‍കുന്നില്ല. കിണറ്റുകരയിലിരുന്ന് ശമരിയാക്കാരിയോടു സംസാരിച്ചപ്പോളും മറ്റവസരങ്ങളിലും അവിടുന്ന് പറഞ്ഞത് അവനവന്റെ ഉള്ളില്‍ വസിക്കുന്ന ദൈവത്തെ മാത്രം ആരാധിക്കുക എന്നാണ്. ഈ അവബോധത്തിന്റെ നേരെ എതിരാണ് സഭ ചെയ്യുന്നതായി നാം കാണുന്നത്. സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളോട് ഒരു പൊരുത്തവും ഇല്ലാത്ത വിധത്തിലുള്ള പടുകൂറ്റന്‍ സൌധങ്ങള്‍ എല്ലായിടത്തും ഉയരുകയാണ്. ഇതൊരു വലിയ അപരാധമല്ലേ? അവക്കുള്ളില്‍ മാത്രമല്ല, ഇത്തരം ഇടങ്ങളില്‍ ചെന്നുപെടുന്ന മനുഷ്യന്റെ മനസ്സിലും ദൈവവുമായുള്ള അടുപ്പം കുറയാനാണ് സാധ്യത. 
അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ പോറ്റിയതിന്റെ  അര്‍ത്ഥം എന്തെന്ന് ഈയിടെ ഒരാള്‍ ഇങ്ങനെയാണ് വിവരിച്ചത്. സ്വതവേ സ്വാര്‍ത്ഥരായ യഹൂദര്‍ സ്വന്തമാവശ്യത്തിനുള്ളതും അല്പം കൂടുതലും വകകള്‍ എപ്പോഴും കരുതിയിരിക്കും. അവിടെ കൂടിയിരുന്നവരില്‍ മിക്കവരുടെയും കൈവശം ഭക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ സ്വാര്‍ത്ഥത വെടിഞ്ഞ്‌ അവ അന്യര്‍ക്കും വീതിച്ചുകൊടുക്കാന്‍ യേശു അവസരം ഒരുക്കി അവരെ പ്രേരിപ്പിച്ചു എന്നതാണ് അവിടെ നടന്നയദ്ഭുതം. ശിഷ്യരുടെ കൈവശമുണ്ടായിരുന്ന അഞ്ചപ്പവും രണ്ടു മീനും മുന്നോട്ടു കൊണ്ടുവരാനും അടുത്തു നില്‍ക്കുന്നവര്‍ക്ക് പങ്കിടാനും അവിടുന്ന് ആജ്ഞാപിക്കുന്നു. അത് കണ്ട്‌, ബാക്കിയുള്ളവരും അങ്ങനെ ചെയ്യുന്നു. ഏവര്‍ക്കും തിന്നു തൃപ്തിയാകാനുള്ള വകയും അതിലധികവും സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു! അപ്പോള്‍, ഉള്ളത് പങ്കുവയ്ക്കാനുള്ള ശീലമാണ് ഇന്നും നമുക്കില്ലാത്തത്. പള്ളികളില്‍   ഇലക്ട്രോണിക് വാദ്യോപകരണങ്ങളും മൈക്കും വച്ച് എത്ര സ്വരമുണ്ടാക്കിയാലും ഇത്തരം അത്ഭുതങ്ങള്‍ ഉണ്ടാവില്ല.സ്വിസ് ബാങ്കുകളിലും വത്തിക്കാനിലുമെന്നപോലെ ഓരോ അരമനയിലും പല തലമുറകള്‍ക്കാവശ്യമായത്ര അളവില്ലാത്ത ധനം പൂഴ്ത്തിവച്ചുകൊണ്ട് എങ്ങനെയാണ് ഇന്നത്തെ പുരോഹിതനും മെത്രാനും ജനത്തോടോത്തു പ്രാര്‍ത്ഥിക്കാനാവുക, ഇന്നത്തേയ്ക്കുള്ള ആഹാരം ഞങ്ങള്‍ക്ക് തരണേയെന്ന്! സമ്പത്തും ആഡംബരവും ആന്തരിക ശൂന്യതയുടെ അടയാളമാണ്. കാപട്യമാകട്ടെ ദൈവനിഷേധത്തിന്റെയും. 

No comments:

Post a Comment