Sunday, August 26, 2012

വിശ്വാസവര്‍ഷം 2012-2013

വിശ്വാസവര്‍ഷം 2012 ഒക്ടോബര്‍ 11 - 2013 നവംബര്‍ 24 ഇടവകകള്‍ക്കുള്ള കെസിബിസി നിര്‍ദ്ദേശങ്ങള്‍

കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോമലങ്കരസഭകളിലെ ഇടവകകള്‍ക്ക് വിശ്വാസവര്‍ഷാചരണം സംബന്ധിച്ച് കേരള കത്തോലിക്കാ മെത്രാന്സമിതി നല്കുന്ന നിര്‍ദ്ദേശങ്ങള്‍:
1.   2012 ഒക്ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെ സാര്‍വത്രികസഭ ആചരിക്കുന്ന വിശ്വാസവര്‍ഷം കേരള ത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോമലങ്കര സഭകളിലെ എല്ലാ ഇടവകകളിലും സമുചിതമായി ആചരിക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുകയും അതിനായി പ്രത്യേക സമിതി രൂപീകരിച്ച് അവ നടപ്പിലാക്കുകയും വേണം.
2.  വിശ്വാസം പരിപോഷിപ്പിക്കാനും പ്രഖ്യാപിക്കാനുമുള്ള അവസരമായി വിശ്വാസവര്‍ഷത്തെ കാണണം.  വിശ്വാസവര്‍ഷത്തിന്റെ തയ്യാറെടുപ്പെന്ന നിലയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ പ്രസിദ്ധീകരിച്ച വിശ്വാസത്തിന്റെ വാതില്‍ (പോര്‍ത്താ ഫീദേയി) എന്ന അപ്പസ്തോലിക എഴുത്ത് വിശ്വാസികളെ പഠിപ്പി ക്കണം. വിശ്വാസതിരുസംഘം വിശ്വാസവര്‍ഷാചരണത്തിന് നല്കിയിട്ടുള്ള നാല്പതിന കര്‍മ്മ പരിപാടി കളില്‍ സാധിക്കുന്നവ ഇടവകകളില്‍ നടപ്പാക്കണം.
3.  വിശ്വാസവര്‍ഷത്തിന്റെ ആഘോഷപൂര്‍വ്വമായ ഉദ്ഘാടനവും സമാപനവും ഇടവകകളില്‍ ഉണ്ടായിരിക്കുന്നത് സമുചിതമായിരിക്കും. വിശ്വാസവര്‍ഷം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ദിവസങ്ങളില്‍ നമ്മുടെ കുടുംബങ്ങളില്‍ ഏറ്റവും ഉചിതമായ സമയത്ത് ദീപം കത്തിച്ച് കത്തോലിക്കാ വിശ്വാസപ്രമാണം ആഘോഷമായി ചൊല്ലേണ്ടതാണ്. ഓരോ മാസവും പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് അഭികാമ്യമായിരിക്കും. വിശ്വാസവര്‍ഷത്തിന്റെ ചൈതന്യം സംവേദിക്കുന്ന പതാകയോ തത്തുല്യമായവയോ ദൈവാലയങ്ങളില്‍ സ്ഥാപിക്കണം. ഫ്ളക്സും തെര്‍മോക്കോളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.
4. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രമാണരേഖകള്‍, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, യുവജനമതബോധനഗ്രന്ഥം എന്നിവയിലെ ആശയങ്ങള്‍ സാധാരണ വിശ്വാസികളെ പഠിപ്പിക്കാന്‍  കര്‍മ്മപദ്ധതികള്‍ ഇടവകയില്‍ ആസൂത്രണം ചെയ്യണം. ഇവയുമായി ബന്ധപ്പെട്ട് ചര്‍ച്ചാക്ളാസ്സുകള്‍, സെമിനാറുകള്‍, സിംപോസിയങ്ങള്‍, ഡിബേറ്റുകള്‍, ലേഖനമത്സരങ്ങള്‍, ക്വിസ് കോമ്പറ്റീഷന്‍ എന്നിവ ഇടവകതലത്തില്‍ സംഘടിപ്പിക്കുന്നത് നല്ലതായിരിക്കും. ഇടവകയിലെ അല്മായസംഘടനാതലത്തിലും മതബോധനമേഖലയിലും വിശ്വാസവര്‍ഷത്തിന്റെ ചൈതന്യം എത്തണം. ഈ മേഖലകളെ  നവീകരി ക്കാനുള്ള അവസരമായി വിശ്വാസവര്‍ഷാചരണത്തെ കാണണം. 
5. സത്യവിശ്വാസം സംരക്ഷിക്കുന്നതിന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ വ്യാപനം പ്രോത്സാഹിപ്പിക്കപ്പെടണം. കുടുംബങ്ങളില്‍ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, യുവജന മതബോധനഗ്രന്ഥം എന്നിവ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കണം. സെക്ടുകളിലേക്കും  മറ്റു അന്ധ വിശ്വാസങ്ങളിലേക്കും പോകാതെ നമ്മുടെ ജനങ്ങളെ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിലനിറുത്താനും ആഴപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. പോയവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിശ്വാസവര്‍ഷത്തില്‍ നടത്തണം. സാത്താന്‍ സേവപോലുള്ള ഭീകരമായ തിന്മയിലേക്ക് പോകുന്ന പ്രവണതകളെ തിരിച്ചറിയാനും അതിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാനും വിശ്വാസവര്‍ഷത്തില്‍ സാധിക്കണം.
6.  വിശ്വാസവര്‍ഷത്തില്‍ കുടുംബ ആധ്യാത്മികത പ്രോത്സാഹിപ്പിക്കപ്പെടണം. നമ്മുടെ എല്ലാ കുടുംബങ്ങളിലും കുടുംബപ്രാര്‍ത്ഥന ചൊല്ലുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ക്രൈസ്തവ ആദ്ധ്യാത്മികതയ്ക്ക് വിശ്വാസവര്‍ഷം ഇടവകതലത്തില്‍ കൂടുതല്‍ പ്രാധാന്യം നല്കണം. വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായി ജീവിക്കാന്‍ സഹായിക്കുന്ന ധ്യാനങ്ങളും പരിശീലനപരിപാടികളും ഇടവകയില്‍ നടത്തണം. 
7.  ഇടവക അജപാലനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിശ്വാസവര്‍ഷാചരണം സഹായിക്കണം.  ഫുള്‍ടൈം പാരിഷ് മിനിസ്ട്രിയില്‍ ചില സിസ്റേഴ്സിനെയും അല്മായരെയും ഉള്‍പ്പെടുത്തണം. കുടുംബസന്ദര്‍ശനങ്ങള്‍ സജീവമാക്കാനും ദൈവവിളി പ്രോത്സാഹിപ്പിക്കാനുമുള്ള അവസരമായി വിശ്വാസവര്‍ഷാചരണത്തെ കാണണം.  
8.  കേരളത്തിലെ കത്തോലിക്കാസഭയെക്കുറിച്ച് ആഴമാര്‍ന്ന അറിവ് നല്കാന്‍  വിശ്വാസവര്‍ഷം ഉപകരിക്കണം. സമൂഹത്തിന് സഭ നല്കിയതും നല്കികൊണ്ടിരിക്കുന്നതുമായ സേവനങ്ങളെക്കുറിച്ച് വിശ്വാസികള്‍ക്ക് അറിവ് പകര്‍ന്ന് നല്കണം. കേരളത്തില്‍ നിന്നുള്ള വാഴ്ത്തപ്പെട്ടവരെയും ദൈവദാസരെയും കുറിച്ച് വിശ്വാസികളെ പഠിപ്പിക്കണം. അവരുടെ ജീവിതമാതൃകകള്‍ വിശ്വാസം ആഴപ്പെടുത്താന്‍ നമ്മെ സഹായിക്കുമല്ലോ.  
9.  ഇടവകതലത്തില്‍ അന്യമതസ്ഥരുമായും ഇതരക്രൈസ്തവ സഭകളുമായുള്ള സംഭാഷണവും ഒന്നിച്ചുള്ള പ്രവര്‍ത്തനവും കരുപിടിപ്പിക്കണം. ഇടവകയില്‍ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍, മതസൌഹാര്‍ദ്ദ സമിതികള്‍ എന്നിവ ആരംഭിക്കാന്‍ വിശ്വാസവര്‍ഷത്തില്‍ സാധിക്കണം. 
10.  ഇടവകതലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി യത്നിക്കണം. മാലിന്യസംസ്കരണം, സൌരോര്‍ജ്ജ സ്രോതസുകളുടെ വ്യാപനം എന്നിവയില്‍ ഇടവകകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രപഞ്ചസംരക്ഷണം ദൈവവിശ്വാസത്തിന്റെ ഭാഗമായി കണ്ട് സത്യവിശ്വാസത്തെ കൂടുതല്‍ വ്യാപ്തിയില്‍ അവതരിപ്പിക്കാന്‍ വിശ്വാസവര്‍ഷത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
11. ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സജീവമാക്കാന്‍ വിശ്വാസവര്‍ഷം ഉപകരിക്കണം. എല്ലാ ഇടവകകളിലും മദ്യവിരുദ്ധസമിതികള്‍ രൂപീകരിക്കണം. മദ്യത്തിന് അടിമകളായിട്ടുള്ള മദ്യപാനരോഗികളെ ചികിത്സിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണം. വിശ്വാസവര്‍ഷത്തില്‍ ഇടവകയെ മദ്യവിമുക്ത ഇടവകയാക്കത്തക്കവിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം. ഇത്തരം പ്രവര്‍ത്തന ങ്ങളിലൂടെ ക്രൈസ്തവവിശ്വാസത്തിന് സജീവസാക്ഷ്യം നല്കുന്ന സമൂഹമായി ഇടവകയെ മാറ്റുകയായിരിക്കണം ലക്ഷ്യം. 
12. വിശ്വാസവര്‍ഷത്തില്‍ തീര്‍ത്ഥാടനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. തീര്‍ത്ഥാടനങ്ങള്‍ വിശ്വാസ പരിശീലനത്തിനുള്ള അവസരമാണ്. തീര്‍ത്ഥാടനങ്ങള്‍ക്ക് ക്രമീകൃതമായ കര്‍മ്മപദ്ധതികള്‍ ഉണ്ടാവുകയും കൂദാശകേന്ദ്രീകൃതമാവുകയും വേണം. പ്രത്യേകിച്ച് ഇടവകയിലെ സംഘടനകളെ പ്രാദേശിക തീര്‍ത്ഥാടനത്തിന് പ്രചോദിപ്പിക്കണം.
13. പാവപ്പെട്ടവരെ സഹായിക്കുന്ന മനഃസ്ഥിതി വിശ്വാസികളില്‍ വളര്‍ത്തണം.  ധൂര്‍ത്ത്, ആഡംബരം എന്നിവ ഒഴിവാക്കി പൊതുനന്മയ്ക്കു വേണ്ടി സംഭാവന ചെയ്യാന്‍ വിശ്വാസികളെ പരിശീലിപ്പിക്കണം. സഭാ പ്രവര്‍ത്തനങ്ങള്‍ സ്വാശ്രയത്തിലെത്തുന്നതിന് വിശ്വാസികള്‍ സന്മനസ്സോടും  ഉദാരതയോടുംകൂടെ സംഭാവനകള്‍ നല്കണം. അങ്ങനെ പങ്കുവെയ്ക്കലിന്റെ ജീവിതശൈലി രൂപപ്പെടുത്താന്‍ വിശ്വാസ വര്‍ഷാചരണം ഇടയാകണം.
14. ദാനമായി ലഭിച്ച കത്തോലിക്കാവിശ്വാസത്തിന് നന്ദി പറയാനും അതില്‍ അടിയുറച്ച് നിലനില്ക്കാനും അതിന് സജീവസാക്ഷ്യം നല്കാനും വിശ്വാസവര്‍ഷത്തിലെ വിവിധപരിപാടികളിലൂടെ ഇടവകകളില്‍ സാധിക്കട്ടെ.
ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
പ്രസിഡന്റ,് കെസിബിസി
ആര്‍ച്ചുബിഷപ്  ഫ്രാന്‍സിസ് കല്ലറക്കല്‍                
വൈസ് പ്രസിഡന്റ്, കെസിബിസി
ആര്‍ച്ചു ബിഷപ് തോമസ് മാര്‍ കൂറിലോസ്                       
സെക്രട്ടറി ജനറല്‍, കെസിബിസി
Courtesy: SMCIM

No comments:

Post a Comment