Thursday, July 26, 2012

കോണ്‍വെന്റും സഭയും സി ബി ഐയുമായി സഹകരിക്കുക


നീതി തീരുമാനിക്കുന്നതാണ്?
MARCH 27, 2012 · POSTED IN AUTHORSBOOKS 
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് ഇരുപതു വര്‍ഷം. വൈകി ലഭിക്കുന്ന നീതി നീതിയല്ല എന്നു ബഹുമാനപ്പെട്ട സുപ്രീകോടതി പല പ്രാവശ്യം വിധിന്യാത്തില്‍ പ്രഖ്യാപിച്ചിട്ടും വിചാരണപോലും വേണ്ട വിധത്തില്‍ നടക്കാതെ ഈ കേസ്സ് നീണ്ടു നീണ്ടു പോകുന്നു. അറിയുന്ന സത്യങ്ങള്‍ വെളിപ്പെടുത്തി കോണ്‍വെന്റും സഭയും സി ബി ഐയുമായി സഹകരിച്ചിരുന്നുവെങ്കില്‍ 16 വര്‍ഷത്തിനു പകരം 16 മിനിറ്റുകൊണ്ട് കേസ്സിനു തുമ്പുണ്ടാകുമായിരുന്നു എന്ന പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ട് 2008 നവംബര്‍ 28ന് ഹൈക്കോടതി ജഡ്ജി ആര്‍. ബസന്ത് അബിപ്രായപ്പെട്ടത് നമുക്കിവിടെ ഓര്‍ക്കാം. സന്യാസിനിയോ വിശ്വാസിയോ നിരീശ്വരവാദിയോ ആരുതന്നെയായാലും സത്യം കണ്ടെത്താന്‍ സഹകരിച്ചില്ലെങ്കില്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ‘സത്യമേവജയതേ’ എന്ന സത്യം വൃഥാവിലാകുമെന്ന് അന്ന് കോടതി പറഞ്ഞു. ലോനപ്പന്‍ നമ്പാടന്റെ ആത്മകഥ ‘സഞ്ചരിക്കുന്ന വിശ്വാസി‘യില്‍ പറയുന്നതു ശ്രദ്ധിക്കാം:
സിസ്റ്റര്‍ അഭയാ കൊലക്കേസ്
‘സിസ്റ്റര്‍ അഭയ 1992 മാര്‍ച്ച് 27-ന് കൊലചെയ്യപ്പെട്ടു. കോട്ടയം ടൗണിലെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണു കന്യാസ്ത്രീയുടെ ജഡം കാണപ്പെട്ടത്. ബി.സി.എം. കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു. അരീക്കര ഐക്കരക്കുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏകമകളാണ് ബീന അഥവാ സിസ്റ്റര്‍ അഭയ. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ചുവന്നിരുന്ന 21 വയസ്സ് പ്രായമുള്ള അഭയ മാര്‍ച്ച് 27-ന് വെളുപ്പിനു നാലു മണിക്കു താഴത്തെ നിലയിലുള്ള അടുക്കള മുറിയിലെ ഫ്രിഡ്ജില്‍നിന്നും വെള്ളമെടുത്തു മുഖംകഴുകുന്നതിനാണു കിടപ്പുമുറിയില്‍നിന്നും പോയത്. സിസ്റ്റര്‍ സ്റ്റെഫിയുമായി ഫാ. കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും അവിഹിതവേഴ്ച നടത്തുന്നതു യാദൃഛികമായി അഭയ കാണാനിടയായതാണു കൊലപാതകത്തിനു നിദാനമായത്. മരിച്ചെന്നു കരുതി കിണറ്റിലിട്ടതാണ്. സത്യത്തില്‍ കിണറ്റിലെ വെള്ളംകുടിച്ചാണു മരിച്ചത്. പ്രതികള്‍ ഇവര്‍ മൂന്നു പേരുമാണെന്നു നാട്ടുകാര്‍ക്കും ക്‌നാനായസഭാവിശ്വാസികള്‍ക്കും ഞങ്ങള്‍ക്കും അന്നുമുതല്‍ക്കുതന്നെ അറിയാമായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്താണ് കൊലപാതകം നടന്നത്. ഭരണകക്ഷിക്കാരെയും ഉദ്യോഗസ്ഥപ്രമുഖരെയും വിലയ്‌ക്കെടുത്തു കേസ് ഇല്ലായ്മചെയ്യുവാന്‍ സഭാനേതൃത്വം നിരന്തരമായി ശ്രമിച്ചിരുന്നു. കേരള പൊലീസും ക്രൈംബ്രാഞ്ചും പ്രതികളെ രക്ഷപ്പെടുത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു.
സിസ്റ്റര്‍ അഭയാകേസ് സി.ബി.ഐ.യ്ക്കു വിടണമെന്നു നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചുംകൊണ്ട് ഞാന്‍ ശക്തിയായി ആവശ്യപ്പെട്ടു. സഭാമേലദ്ധ്യക്ഷന്മാര്‍ അങ്കലാപ്പിലായി. പിന്നീടു കേസ് സി.ബി.ഐ. ഏറ്റെടുത്തു. കേന്ദ്രഗവര്‍മെന്റിനെയും സ്വാധീനിക്കുവാന്‍ സഭാമേലദ്ധ്യക്ഷന്മാര്‍ക്കു കഴിഞ്ഞു. 1992 മാര്‍ച്ച് 31-ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചതുമുതല്‍ മുന്‍പന്തിയില്‍നിന്നു പ്രവര്‍ത്തിക്കുവാന്‍ ഞാനും ഉണ്ടായിരുന്നു. നിയമസഭയ്ക്കകത്തും പുറത്തും അവസാനം പാര്‍ലമെന്റിലും നിരന്തരമായി സിസ്റ്റര്‍ അഭയാക്കേസ് തെളിയിക്കുന്നതിനു ഞാന്‍ പോരാട്ടംനടത്തിയിട്ടുണ്ട്. സിസ്റ്റര്‍ അഭയയുടെ ഒന്നാംചരമവാര്‍ഷികത്തില്‍ കോട്ടയത്ത് അനുസ്മരണ പൊതുയോഗം ഉദ്ഘാടനംചെയ്തത് എം.എല്‍.എ.യായിരുന്ന ഞാനാണ്. കേസ് എഴുതിത്തള്ളാന്‍ മൂന്നു പ്രാവശ്യം സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കി. ഇതിനെയൊക്കെ അതിജീവിച്ചാണു കോടതിയുടെ ശക്തമായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സി.ബി.ഐ. കേസ് അന്വേഷണം നടത്തി പ്രതികളെ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കിയത്. 18 വര്‍ഷംമുമ്പ് നടന്ന കൊലപാതകം ഇപ്രകാരം തെളിയിക്കുവാന്‍ കഴിഞ്ഞത് അത്ഭുതകരമാണ്.
കേരളത്തില്‍ മറ്റാരെക്കാളും മുമ്പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയയെയാണ്! സഭാനേതൃത്വം അതിനു മുന്‍കൈ എടുക്കണം. യഥാര്‍ഥത്തിലുള്ള അത്ഭുതമാണ് ഇവിടെ നടന്നിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവിധ സഭാമേലദ്ധ്യക്ഷന്മാരും ഭരണകര്‍ത്താക്കളുമെല്ലാം സംഘടിതമായി പ്രവര്‍ത്തിച്ചിട്ടും അഭയക്കേസ് ഇല്ലായ്മചെയ്യുവാന്‍ കഴിയാതിരുന്നത് അത്ഭുതമായി അംഗീകരിക്കണം.അഭയാക്കേസ്സില്‍ ആക്ഷന്‍ കൗണ്‍സില്‍ കാണിച്ച ആവേശത്തിന്റെ ഒരംശംപോലും ഫാ. ജോബ് ചിറ്റിലപ്പിള്ളിയുടെ കേസ്സില്‍ പ്രകടിപ്പിക്കുവാന്‍ സഭാധികാരികള്‍ക്കു കഴിഞ്ഞില്ല. രണ്ടു കൊലപാതകങ്ങളും കോണ്‍ഗ്രസ് ഭരണത്തിലാണു നടന്നത്. കേസ്സിലെ എല്ലാ തെളിവുകളും നശിപ്പിക്കുവാന്‍ ഭരണാധികാരികള്‍ക്കു കഴിഞ്ഞു. സഭാധികാരികള്‍ വെറും കാഴ്ചക്കാരായി നോക്കിനിന്നു. ദൈവം പോലും ഇവര്‍ക്കു മാപ്പു നല്‍കുകയില്ല. അത്രയ്ക്കു നിരുത്തരവാദപരമായാണു സഭ പ്രവര്‍ത്തിച്ചത്. കന്യാസ്ത്രീകള്‍ കൊല ചെയ്യപ്പെട്ടാലും വൈദികര്‍ കൊലചെയ്യപ്പെട്ടാലും സഭാദ്ധ്യക്ഷന്മാര്‍ക്ക് ഒരു ദുഃഖവുമില്ല.’
നമ്പാടന്റെ വാക്കുകളെ നമുക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം.  ജയരാമന്‍ വധക്കേസില്‍ സ്വാമി ജയേന്ദ്രസരസ്വതി പ്രതിയായപ്പോഴും അഭയക്കേസിലും ജോബ് വധക്കേസിലും വൈദികര്‍ പ്രതിയായപ്പോഴും  വിശ്വാസികളെ ചേരിതിരിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ പല ഭാഗത്തുനിന്നും നടന്നിരുന്നു. പക്ഷേ നാം ജീവിക്കുന്നത് ഒരു ജനാധിപത്യം മതേതര രാഷ്ട്രത്തിലാണ് എന്നോര്‍മ്മിച്ചുകൊണ്ടു വേണം ഇത്തരം വിഷയങ്ങളെ സമീപിക്കുവാന്‍. ആയിരം നുണകള്‍ക്കൊണ്ടു മൂടിവച്ചാലും സത്യം സത്യമാണ്. നിയമപുസ്തകങ്ങള്‍ അഭയയുടെ ആത്മാവിനു നീതി കൊടുക്കുമെന്ന് പ്രത്യാശിക്കാം.
Courtesy: DC Books blog

No comments:

Post a Comment